Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Monday, 20 February 2017

KOOL കൂൾ (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്)


അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കൽറ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന ഓൺലൈൻ പരിശീലന സംവിധാനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. സ്‌കൂളുകൾ ഹൈടെക്കായി മാറുന്നതോടൊപ്പം വിവിധ മേഖലകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിരവധി പരിശീലനങ്ങൾ സമാന്തരമായി നടത്തേണ്ട ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കൂൾ (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) എന്ന സംവിധാനം ആവിഷ്‌കരിച്ചത്. ഇന്ന് ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മൂക് (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്) ശൈലിയിലാണ് 'കൂൾ' സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പരിപാടിയായിരിക്കും കൂൾ. കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നതിലെ പ്രധാന ചുവടുവെയ്പാണ് 'കൂൾ' കോഴ്‌സ് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
'സമഗ്ര' പോർട്ടലിന്റെ സമീപന രേഖയിൽ പരാമർശിച്ചിട്ടുള്ള ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ വിപുലീകരണമായാണ് 'കൂൾ' തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടം സമഗ്ര പോർട്ടലിൽ ലോഗിൻ ചെയ്തു മാത്രമേ കൂളിലെ കോഴ്‌സിന് അധ്യാപകർക്ക് രജിസ്റ്റർ ചെയ്യാനാകൂ. 20 പഠിതാക്കൾക്ക് കൈറ്റിന്റെ ഒരു മെന്റർ വീതം ഉണ്ടാകും. ആദ്യ ദിവസം കോൺടാക്ട് ക്ലാസിനും അവസാന ദിവസം സ്‌കിൽ പ്രസന്റേഷനും പഠിതാവ് നേരിട്ട് ഹാജരാകണം. മറ്റു ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും. കോഴ്‌സിന്റെ ഭാഗമായി അസൈൻമെന്റുകൾ, ക്വിസുകൾ, ചർച്ചാഫോറം എന്നിവ ഉണ്ടായിരിക്കും. സംശയനിവാരണത്തിനായി 'കൂളി'ൽ പ്രത്യേക മെസേജിംഗ് ചാറ്റ്‌റൂം ഉണ്ട്. പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിന് സചിത്ര പഠന സഹായികൾ, വീഡിയോ ട്യൂട്ടോറിയലുകൾ, ചെക്ക് ലിസ്റ്റുകൾ തുടങ്ങിയവ 'കൂളി'ൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തന വിശദാംശങ്ങളും ഡിജിറ്റൽ റിസോഴ്‌സുകളും ഡൗൺലോഡ് ചെയ്‌തെടുത്ത് ഇന്റർനെറ്റില്ലാതെ തന്നെ പരിശീലിക്കാം. എന്നാൽ അസൈൻമെന്റ് സമർപ്പണം, ഓരോ വാരാന്ത്യത്തിലുമുള്ള ലൈവ് ക്ലാസുകളിൽ പങ്കെടുക്കൽ എന്നിവ നിർബന്ധമായും ഓൺലൈനായി ചെയ്യണം.
സംസ്ഥാനത്ത് അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് 45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ കോഴ്‌സ് പാസാകേണ്ടതുണ്ട്. നിലവിൽ 5000 അധ്യാപകരാണ് ഇത്തരം കോഴ്‌സിനായി കൈറ്റിനെ സമീപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇതിനുതകുന്ന മൊഡ്യൂളുകൾ ഉൾപ്പെടുത്തിയാണ് കൂളിന്റെ ആദ്യ പരിശീലനം. 20 അധ്യാപകർക്ക് ഒരു മെന്റർ എന്ന രൂപത്തിൽ 2500 പേരെ ആദ്യ ബാച്ചിൽ ഉൾപ്പെടുത്തും. ആറാഴ്ച ദൈർഘ്യമുള്ള ഈ കോഴ്‌സിൽ വേർഡ് ഡോക്യുമെന്റുകൾ തയ്യാറാക്കൽ, സ്പ്രെഡ് ഷീറ്റ്, പ്രസന്റേഷൻ, ഇമേജ് എഡിറ്റിംഗ്, വീഡിയോ-ഓഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ റിസോഴ്‌സുകളുടെ നിർമ്മാണം, മലയാളം ടൈപ്പിംഗ്, ഇന്റർനെറ്റ്, വിദ്യാഭ്യാസ സോഫ്റ്റ്വെയറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിന് ഈ സർട്ടിഫിക്കറ്റ് പര്യാപ്തമാണ് എന്ന അനുമതിക്കായി കൈറ്റ് സർക്കാരിലേക്ക് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല പൊതുജനങ്ങൾക്കും കൂടെ പ്രയോജനപ്പെടുന്നവിധം കൂടുതൽ കോഴ്‌സുകൾ അവതരിപ്പിക്കാൻ കൈറ്റിന് പദ്ധതിയുണ്ടെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് പറഞ്ഞു. (www.kool.itschool.gov.in) ആണ് കൂളിന്റെ വെബ്സൈറ്റ്. ഡിസംബർ ആദ്യം തുടങ്ങുന്ന ആദ്യ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

 

BSNL connection to High Schools

The speed of the broadband through BSNL is upgraded to 4/8 mbps. If any issue related to speed please inform the Master Trainer with  school code, Name of school, Sub District and phone number
broadband complaint registration userguide

No comments:

Post a Comment